Monday, December 30, 2013

കവിയരങ്ങില്‍ ഞാനും

കവിയരങ്ങില്‍ ഞാനും 

കുറിച്ചിത്താനം കെ. ആര്‍ . നാരായണന്‍ എല്‍ . പി. സ്കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ചു, ഉഴവൂര്‍ സെന്റ്‌. സ്റ്റീഫന്‍സ് കോളേജിലെ NSS ക്യാമ്പില്‍ സംഘടിപ്പിച്ച കവിയരങ്ങില്‍ പങ്കെടുത്ത് എന്റെ കവിതകള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. പ്രശസ്ത കവി ശ്രീ. എസ്. പി. നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിച്ച കവിയരങ്ങില്‍ മറ്റു പതിനൊന്നു കവികള്‍ ഓരോ കവിതകള്‍ അവതരിപ്പിച്ചപ്പോള്‍ എന്റെ നാല് കവിതകള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. 

                                      - തോമസ്‌ ആനിമൂട്ടില്‍ 











ഒരിക്കല്‍ കൂടി ആ പഴയ വിദ്യാലയത്തിലേക്ക്‌.........


              ഞാന്‍ പഠിച്ചിട്ടുള്ള വിദ്യാലയങ്ങളില്‍ എനിക്കേറെ ആത്മബന്ധമുള്ളതും ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും ഏറ്റവുമധികം മധുരസ്മരണകള്‍ ഉണര്‍ത്തുന്നതുമായ വിദ്യാലയം എനിക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു തന്ന കണ്ണൂര്‍ ജില്ലയിലെ എള്ളരിഞ്ഞി എ. എല്‍ പി. സ്കൂളാണ്. മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം ആ പഴയ വിദ്യാലയത്തില്‍ ചെല്ലാനുള്ള ഭാഗ്യം ലഭിച്ചു. എന്റെ ഭാര്യയും എന്നോടൊപ്പമുണ്ടായിരുന്നു. എന്റെ ജൂനിയര്‍ ആയി പഠിച്ച വേണുഗോപാലാണ് ഇപ്പോള്‍ ആ സ്കൂളിന്‍റെ പ്രഥമാധ്യാപകന്‍. അവിടുത്തെ കുട്ടികളോടും അധ്യാപകരോടും രക്ഷിതാക്കളോടുമൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. എന്റെ അവിസ്മരണീയവും വളരെ രസകരവുമായ നിരവധി അനുഭവങ്ങള്‍ അവരുമായി പങ്കുവയ്ക്കുവാനും മലയാളം മീഡിയം വിദ്യാലയങ്ങളുടെ ദുരവസ്ഥ വ്യക്തമാക്കുന്ന എന്റെ കവിത അവതരിപ്പിക്കുവാനും കഴിഞ്ഞു. ഞാന്‍ ഏറെ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട പ്രഭാകരന്‍ മാഷിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചതിനു ശേഷം കുട്ടികളോടൊപ്പം ഗ്രൂപ്പ്‌ ഫോട്ടോയുമെടുത്തു ഞങ്ങള്‍ നേരെ പോയത് പ്രഭാകരന്‍ മാഷിന്റെ വീട്ടിലേക്കാണ്. അദ്ദേഹം പുറത്തു പോയിരിക്കുകയായിരുന്നു. പഴയ ഒരു ശിഷ്യന്‍ വീട്ടില്‍ കാത്തിരിക്കുകയാണെന്ന് ഞാന്‍ തന്നെ ഫോണില്‍ അദ്ദേഹത്തോടു പറഞ്ഞപ്പോള്‍ എന്‍റെ പേര് ചോദിച്ചു. പേര് പറയില്ല, നേരില്‍ കാണുമ്പോള്‍ തിരിച്ചറിയാനാകുമോയെന്നു നോക്കട്ടെയെന്നു ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം അത് സമ്മതിച്ചു. അഞ്ചു മിനിട്ടിനുള്ളില്‍ തിരിച്ചെത്തിയ അദ്ദേഹം മുറ്റത്തെത്തി ഒരു നിമിഷം എന്നെ നോക്കിനിന്നു. പിന്നെ ഒറ്റ ചോദ്യം: "ആനിമൂട്ടില്‍ തോമസ്‌ അല്ലേ, നീ?" സത്യത്തില്‍ കണ്ണ് നിറഞ്ഞു പോയി ആ നിമിഷം. അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലന വേദികളിലും മറ്റു നിരവധി വേദികളിലും എന്റെ മാതൃകാധ്യാപകനായി ഞാന്‍ പരിചയപ്പെടുത്തിയിട്ടുള്ള പ്രഭാകരന്‍ മാഷിനു എന്നോടും എനിക്ക് അദ്ദേഹത്തോടുമുള്ള അടുപ്പവും ബന്ധവും എത്രമാത്രമാണെന്ന് മുപ്പത്തിയഞ്ചു വര്‍ഷത്തിനു ശേഷം കഴിഞ്ഞയാഴ്ച കണ്ടുമുട്ടിയ അനുഭവത്തിലൂടെ എനിക്ക് ബോധ്യപ്പെട്ടു. അതുപോലൊരധ്യാപകനാകാന്‍ എനിക്ക് എന്നെങ്കിലും കഴിയുമോ ആവോ?











LinkWithin

Related Posts Plugin for WordPress, Blogger...