Friday, November 9, 2012

ഒരു മലയാള സ്വപ്നം




ഒരു മലയാള സ്വപ്നം 


ഇനിയെത്ര നാളീ വിദ്യാലയത്തിന്‍ 
മണി മുഴങ്ങും കണ്ഠമിടറിടാതെ ?
ഇനിയെത്ര നാളീ മരത്തണലില്‍ 
നിരനിരയായ്നിന്നസംബ്ലി ചേരും?
ഇനിയെത്രനാളീ മരങ്ങളും പൂക്കളും 
സര്‍വേശ സ്തുതിഗീതമേറ്റുപാടും ?
ഇനിയെത്രനാളീയങ്കണത്തില്‍ - പിഞ്ചു 
പദചലനം    കാണുമീവിധത്തില്‍ ? നിത്യ 
വിസ്മൃതി തന്നോരമണയുന്നു മലയാള 
വിദ്യാലയങ്ങളും സ്വപ്നങ്ങളും 
പടി കടന്നകലുന്നു മുറിവേറ്റ ഭാഷതന്‍ 
നെഞ്ചേറ്റി ലാളിച്ച സംസ്കാരവും.

നൂറ്റാണ്ടു പിന്നിട്ട വിദ്യാലയത്തിലെ 
ക്ലാസ്മുറി പണ്ടു നിറഞ്ഞിരുന്നു 
അമ്മതന്‍ ഭാഷയിലക്ഷരം തേടിയി -
ന്നെത്തുവോരഞ്ചാറു പേരു മാത്രം. 

ഇനിയേറെ നാള്‍ കഴിഞ്ഞിതുവഴി പോകുവോര്‍ -
ക്കൊരു കാഴ്ചവസ്തുവായ് മാറിയാലും 
പേരക്കിടാങ്ങളുമായൊരിക്കല്‍ 
വാതില്‍ക്കലെത്തി വിദ്യാലയത്തിന്‍ 
പഴകിദ്രവിച്ചൊരാ  ചുമരില്‍ പുണര്‍ "ന്നെന്നെ 
ഞാനാക്കിയ മാറ്റിയ വിദ്യാലയം" എന്നു 
നെഞ്ചോടു കൈ ചേര്‍ത്തു മന്ത്രിക്കുവോരെന്റെ
സ്വപ്നത്തിലിന്നും തെളിഞ്ഞു  നില്‍പ്പൂ.

വിദ്യാലയം സ്വന്തമമ്മയായും 
മലയാളമമ്മതന്‍ ഭാഷയായും 
ഹൃദയത്തിലേറ്റു ചൊല്ലുന്ന പൈതങ്ങളും 
സ്വപ്നത്തിലിന്നും തെളിഞ്ഞു  നില്‍പ്പൂ - എന്റെ
സ്വപ്നത്തിലിന്നും തെളിഞ്ഞു  നില്‍പ്പൂ.

                                                     - തോമസ്‌ ആനിമൂട്ടില്‍

ഈ കവിത കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
http://www.youtube.com/watch?v=o-lXbMCmvUc&feature=relmfu


ഈ കവിതയെക്കുറിച്ചുള്ള T.V. റിപ്പോര്‍ട്ട് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
http://www.youtube.com/watch?v=taNemL4eOEM&feature=relmfu

കമന്റ്‌ രേഖപ്പെടുത്തുവാനും share ചെയ്യുവാനും മറക്കരുതേ .......



2 comments:

  1. അമ്മതന്‍ ഭാഷയിലക്ഷരം തേടിയി -
    ന്നെത്തുവോരഞ്ചാറു പേരു മാത്രം.

    ഞാന്‍ മുമ്പെഴുതിയിരുന്നല്ലോ, കഴിഞ്ഞ അവധിയ്ക്ക് എന്റെ യു.പി സ്കൂള്‍ കാണാനൊന്ന് പോയിരുന്നു. മാഷ് കവിതയിലെഴുതിയ അതേ ചിന്തകളാണെന്നിലുണര്‍ന്നത്. ഒരു ക്ലാസ്സിന് രണ്ടും മൂന്നും ഡിവിഷനായിരുന്നു അക്കാലം. ഇന്ന് ഓരോ ക്ലാസ്സിലും രണ്ടോ മൂന്നോ കുട്ടികള്‍ ഉണ്ടായാല്‍ ഭാഗ്യം. (ഇനി കവിത കേള്‍ക്കട്ടെ)

    ReplyDelete

ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ...... എഴുതിയാലല്ലേ മനസ്സിലാകൂ?

LinkWithin

Related Posts Plugin for WordPress, Blogger...