നിറഭേദങ്ങള്‍
കമ്പ്യുട്ടറിന്‍ വലയ്ക്കുള്ളില്‍
അജ്ഞാതസൗഹൃദം തേടി
വീങ്ങിയ കണ്‍പോളകള്‍ക്കുള്ളില്‍ തീക്ഷ്ണമായ്
പരതിനടക്കും മിഴിദ്വയങ്ങള്‍
പൂപോല്‍ വിടര്‍ന്നു; പിന്നൊരുവേള നിശ്ചലം
നിറയുന്നു ജലബാഷ്പമുള്ളില്‍
സ്ക്രീനില്‍ തെളിഞ്ഞ മുഖമുള്ളില്‍ പകര്‍ത്തി ഞാന്‍
ബലമായടച്ചെന്‍റെ മിഴികള്‍
പ്രിയനാം ഗുരുസ്മരണയിലലിയാന്‍ കൊതിക്കുമൊരു
മനസ്സിന്നശാന്തത കിനിയും
ഉള്‍ത്താപമോടെ നമിക്കുന്നു ശിരസ്സു ഞാന്‍
പുണ്യദേഹത്തിന്നു ശ്രദ്ധാഞ്ജലി.
സുന്ദര ഹരിതാഭ വയലേലകള്‍
മന്ദമാരുതന്‍ തഴുകുന്ന ഗ്രാമഭംഗി
ഞാറ്റുവേലപ്പാട്ടു താളത്തിലീണത്തി-
ലേറ്റുപാടാനൊരു വിദ്യാലയം – ഞാന്‍
ഹരിശ്രീ കുറിച്ചാത്മവിദ്യാലയം.
ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും
തെറ്റുമ്പൊഴും മുഖം വാടുമ്പൊഴും
മുറ്റത്തെയാല്‍മരവള്ളിയില്‍ തൂങ്ങി ഞാന്‍
ഊയലാടുമ്പോള്‍ , കളിക്കുമ്പൊഴും
നെല്ലിമരത്തിന്‍റെ ചില്ലയില്‍ കേറി
തല്ലിപ്പറിച്ചു കാവീഴ്ത്തുമ്പൊഴും
മന്ദസ്മിതത്തോടെ കരുതലായ് കാവലായ്
സേതുമാഷുണ്ടാകുമെന്‍റെ ചാരെ.
പുസ്തകക്കെട്ടുമായോടിവന്നീടവേ
വിദ്യാലയപ്പടിവാതിലില്‍ ഞാന്‍
കാല്‍ തട്ടിവീണെന്‍റെ ചോറ്റുപാത്രം
ശൂന്യമായെങ്കിലുമുച്ചനേരം
വയറിന്നു സുഖമില്ലെന്നോതിപ്പൊതിച്ചോറു
മാഷു തന്നപ്പൊഴും മന്ദസ്മിതം.
ഗുണനക്രിയാഭാരമേറ്റിത്തളര്‍ന്നു ഞാന്‍
തലചുറ്റി വീഴവേയന്നൊരു നാള്‍
സുഖിയനും ചായയും വാങ്ങിച്ചു തന്നെന്‍റെ
ഗുരുനാഥനില്‍ കണ്ടു മന്ദസ്മിതം.
മാഷിന്നു കല്യാണമായി –
മാഷിന്‍റെ കല്യാണമാണെന്നു കുട്ടിക-
ളാരുമറിഞ്ഞതേയില്ലെങ്കിലും
“പ്രാര്‍ത്ഥിക്കണം, നാളെയെന്‍റെ കല്യാണ”മെ-
ന്നെന്നോടു മാത്രം പറഞ്ഞതെന്തേ?
പുത്തനുടുപ്പും ചെരിപ്പും ധരിച്ചെത്തി
കല്യാണശേഷം വധൂവരന്മാര്‍
ഓഫീസ്മുറിക്കുള്ളിലധ്യാപകര്‍ കൊച്ചു
ഹാസ്യരസങ്ങള്‍ വിളമ്പിനില്‍ക്കെ
ജന്നലിന്‍ ചാരെ ഞാനൊരുനോക്കു കാണുവാന്‍
ആശിച്ചു ചുറ്റിത്തിരിഞ്ഞു നില്‍ക്കെ
മാഷുവന്നെന്നെയാ മെയ്യോടു ചേര്‍ത്താ-
പ്പുതുപ്പെണ്ണിനോടെന്‍റെ കാര്യമോതി:
“മിടുമിടുക്കന്‍, കാര്യവിവരമുള്ളോന്‍,
വിനയാന്വിതന്‍, എനിക്കേറെയിഷ്ടം”.
പിഞ്ചുമനസ്സുകള്‍ക്കെന്നുമുയര്‍ച്ചയ്ക്കു
ശക്തി നല്‍കും വാക്കു കേട്ടില്ല ഞാന്‍
ചുറ്റിലുമെത്തും കളിക്കൂട്ടുകാരുടെ
കളിചിരിയാരവം കേട്ടില്ല ഞാന്‍
മാഷിന്‍റെ കുശലങ്ങള്‍ കേട്ടില്ല ഞാന്‍ - പുതു-
പ്പെണ്ണു ചോദിച്ചതും കേട്ടില്ല ഞാന്‍.
ചന്ദനക്കുറിയും അതിന്‍ വര്‍ണ സാരിയും
ആലിലത്താലിയും പൊന്മാലയും
പൊന്‍വളക്കൈകളും പാദസരങ്ങളും
എന്‍ കണ്ണിനാനന്ദമേകിയില്ല.
കണ്ണിമയ്ക്കാതെ ഞാന്‍ മാറി മാറി
നോക്കിയാ രണ്ടു മുഖങ്ങളേയും.
പാടുപെട്ടുള്ളില്‍ത്തടഞ്ഞ വിചാരങ്ങള്‍
അതിരാകും അധരം വിട്ടൂര്‍ന്നുപോയി.
“മാഷെത്ര സുന്ദരന്‍, ഭാര്യ കറുത്തവള്‍
കഷ്ടം! മറ്റാരെയും കിട്ടിയില്ലേ?”
എട്ടുവയസ്സുകാരന്‍റെയാ
വാക്കുകള്‍
കൂട്ടുകാരൊന്നായതേറ്റു ചൊല്ലി:
“മാഷെത്ര സുന്ദരന്‍, ഭാര്യ കറുത്തവള്‍
കഷ്ടം! മറ്റാരെയും കിട്ടിയില്ലേ?”
മണി മുഴങ്ങി, ഞങ്ങള്‍ ക്ലാസ്സിലേക്കോടാ-
നൊരുങ്ങവേ ഞാനൊന്നു പാളിനോക്കി.
നിറയുമാമിഴികളും വിറയാര്‍ന്നൊരധരവും
ഇടിമിന്നലായെന്‍റെ നെഞ്ചിനുള്ളില്‍ .
വാക്കിന്‍റെ മൂര്‍ച്ചയുമതേല്‍പ്പിച്ച മുറിവിന്‍റെ
ആഴവും ഞാനന്നറിഞ്ഞതില്ല.
ബാഹ്യ വര്‍ണങ്ങളല്ലുള്ളിന്‍ വെളുപ്പാണു
സൗന്ദര്യമെന്നുമറിഞ്ഞതില്ല.
ഒന്നെനിക്കറിയാം അന്നുമിന്നും –
മാഷിനെയാണെനിക്കേറെയിഷ്ടം.
ഒന്നെനിക്കറിയാം അന്നുമിന്നും – സേതു
മാഷിനെയാണെനിക്കേറെയിഷ്ടം.- തോമസ് ആനിമൂട്ടില്‍
ഏറെയിഷ്ടം
ReplyDeleteഈ ബ്ലോഗിലെ സ്ഥിരം സന്ദര്‍ശകനായ താങ്കള്‍ക്കു നന്ദി, എന്‍റെ കവിത വായിച്ചതിനും പ്രോല്‍സാഹിപ്പിച്ചതിനും....
Deleteഉത്തമനായ ഗുരുനാഥനെപറ്റി ഗുരുത്വമുള്ള ശിഷ്യന്റെ വരികൾ ഏറെ ഹൃദ്യം.എല്ലാ ഭാവുകങ്ങളും.
ReplyDeleteശുഭാശംസകൾ...
നന്ദി, എന്‍റെ കവിത വായിച്ചതിനും പ്രോല്‍സാഹിപ്പിച്ചതിനും....
Deleteഹരിശ്രീ കുറിച്ചാത്മവിദ്യാലയം
ReplyDeleteനന്ദി, എന്‍റെ കവിത വായിച്ചതിനും പ്രോല്‍സാഹിപ്പിച്ചതിനും....
Delete