Friday, November 30, 2012

കുറവിലങ്ങാട്‌ ഉപജില്ലാ കലോല്‍സവം

കുറവിലങ്ങാട്‌ ഉപജില്ലാ കലോല്‍സവത്തിന് കല്ലറയില്‍ വര്‍ണാഭമായ തുടക്കം 

കല്ലറ SMV NSS ഹയര്‍ സെക്കന്ററി സ്കൂളില്‍ 8 മല്‍സര വേദികളിലായി മൂവായിരത്തോളം കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്നു. 2012 നവംബര്‍ 28-ന് ആരംഭിച്ച കലോല്‍സവം ഡിസംബര്‍  1-നു സമാപിക്കും.

























മല്‍സര ഫലങ്ങള്‍ക്കും കൂടുതല്‍ വിശേഷങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക
melekvld.blogspot.in





Friday, November 9, 2012

ഒരു മലയാള സ്വപ്നം




ഒരു മലയാള സ്വപ്നം 


ഇനിയെത്ര നാളീ വിദ്യാലയത്തിന്‍ 
മണി മുഴങ്ങും കണ്ഠമിടറിടാതെ ?
ഇനിയെത്ര നാളീ മരത്തണലില്‍ 
നിരനിരയായ്നിന്നസംബ്ലി ചേരും?
ഇനിയെത്രനാളീ മരങ്ങളും പൂക്കളും 
സര്‍വേശ സ്തുതിഗീതമേറ്റുപാടും ?
ഇനിയെത്രനാളീയങ്കണത്തില്‍ - പിഞ്ചു 
പദചലനം    കാണുമീവിധത്തില്‍ ? നിത്യ 
വിസ്മൃതി തന്നോരമണയുന്നു മലയാള 
വിദ്യാലയങ്ങളും സ്വപ്നങ്ങളും 
പടി കടന്നകലുന്നു മുറിവേറ്റ ഭാഷതന്‍ 
നെഞ്ചേറ്റി ലാളിച്ച സംസ്കാരവും.

നൂറ്റാണ്ടു പിന്നിട്ട വിദ്യാലയത്തിലെ 
ക്ലാസ്മുറി പണ്ടു നിറഞ്ഞിരുന്നു 
അമ്മതന്‍ ഭാഷയിലക്ഷരം തേടിയി -
ന്നെത്തുവോരഞ്ചാറു പേരു മാത്രം. 

ഇനിയേറെ നാള്‍ കഴിഞ്ഞിതുവഴി പോകുവോര്‍ -
ക്കൊരു കാഴ്ചവസ്തുവായ് മാറിയാലും 
പേരക്കിടാങ്ങളുമായൊരിക്കല്‍ 
വാതില്‍ക്കലെത്തി വിദ്യാലയത്തിന്‍ 
പഴകിദ്രവിച്ചൊരാ  ചുമരില്‍ പുണര്‍ "ന്നെന്നെ 
ഞാനാക്കിയ മാറ്റിയ വിദ്യാലയം" എന്നു 
നെഞ്ചോടു കൈ ചേര്‍ത്തു മന്ത്രിക്കുവോരെന്റെ
സ്വപ്നത്തിലിന്നും തെളിഞ്ഞു  നില്‍പ്പൂ.

വിദ്യാലയം സ്വന്തമമ്മയായും 
മലയാളമമ്മതന്‍ ഭാഷയായും 
ഹൃദയത്തിലേറ്റു ചൊല്ലുന്ന പൈതങ്ങളും 
സ്വപ്നത്തിലിന്നും തെളിഞ്ഞു  നില്‍പ്പൂ - എന്റെ
സ്വപ്നത്തിലിന്നും തെളിഞ്ഞു  നില്‍പ്പൂ.

                                                     - തോമസ്‌ ആനിമൂട്ടില്‍

ഈ കവിത കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
http://www.youtube.com/watch?v=o-lXbMCmvUc&feature=relmfu


ഈ കവിതയെക്കുറിച്ചുള്ള T.V. റിപ്പോര്‍ട്ട് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
http://www.youtube.com/watch?v=taNemL4eOEM&feature=relmfu

കമന്റ്‌ രേഖപ്പെടുത്തുവാനും share ചെയ്യുവാനും മറക്കരുതേ .......



Wednesday, November 7, 2012

'ബാങ്കില്‍ എനിക്കും സമ്പാദ്യം' പദ്ധതി



ഇരവിമംഗലം എല്‍.പി.സ്‌കൂളില്‍ 'എനിക്കും സമ്പാദ്യം' പദ്ധതി തുടങ്ങി
Posted on: 07 Nov 2012


ഇരവിമംഗലം:അനാവശ്യമായി ചെലവഴിക്കുന്ന ചെറിയ തുകകള്‍ സമാഹരിച്ച് ബാങ്കില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ച സെന്റ് ജോസഫ് എല്‍.പി.സ്‌കൂളിലെ കുട്ടികള്‍ മാതൃകയാകുന്നു. കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് ബാങ്കില്‍ 'എനിക്കും സമ്പാദ്യം' പദ്ധതിക്ക് കേരളപ്പിറവിദിനത്തില്‍ തുടക്കംകുറിച്ചു. മാഞ്ഞൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ മാന്‍വെട്ടം ശാഖയിലാണ് സ്‌കൂളിലെ മുഴുവന്‍ കുട്ടികളും അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്.

സ്‌കൂള്‍ ലീഡര്‍ ജോസഫ് കുര്യാക്കോസിന് പാസ്ബുക്ക് നല്‍കി മാഞ്ഞൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് സുനു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.സതീഷ് രാമച്ചനാട്ട് അധ്യക്ഷനായി. കേരളപ്പിറവിദിനത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തിയ ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് ബാങ്ക് സെക്രട്ടറി ജോര്‍ജ് ഫിലിപ്പ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മേരിയമ്മ ജേക്കബ്, പ്രധാന അധ്യാപകന്‍ തോമസ് ആനിമൂട്ടില്‍, അധ്യാപകന്‍ എം.കെ.ജോസ് എന്നിവര്‍ പ്രസംഗിച്ചു. 




Tuesday, October 30, 2012

ഹരിത വയല്‍


ഹരിത വയല്‍


വയലിന്റെ കാഴ്ചകള്‍ എന്നന്തരംഗം നിറച്ചു
നിറയെ കാണാനും കേള്‍ക്കാനും വര്‍ണിക്കുവാനും
എത്രയോ സുന്ദരമാം കാഴ്ചകള്‍ !

പറയാനും നുകരാനും ആടാനും പാടാനും
എന്നെ പ്രലോഭിപ്പിക്കും വയല്‍

വയലിന്റെ നന്മയാണ് ഞാനുണ്ണുന്ന  അന്നം
പ്രകൃതി തന്‍ വരദാനമല്ലോ
പച്ച വിരിപ്പിട്ട സുന്ദരമാം വയല്‍ .

വയലിന്റെ മക്കളാണ് ഞാനും നീയും
പറക്കുന്ന പക്ഷിയും ചിലക്കുന്ന കിളികളും
മേയും കിടാക്കളുമെല്ലാം
വയലിന്റെ പ്രിയ മക്കളല്ലോ

എന്നും നാം കാണണം ഹരിത വയല്‍
വയലിനെ നന്നായറിഞ്ഞിടേണം 

                                                                                        - മെറിറ്റ്‌ ജെയിംസ്‌ 
                                                                               ക്ലാസ്‌ : 4


എന്റെ പ്രിയപ്പെട്ട വിദ്യാലയം


എന്റെ പ്രിയപ്പെട്ട വിദ്യാലയം 


        ഞങ്ങള്‍ക്കും ഇരവിമംഗലം കരയിലെ മുഴുവന്‍ പേര്‍ക്കും അഭിമാനമാണ്  എന്റെ പ്രിയപ്പെട്ട സെന്‍റ് ജോസഫ്സ് എല്‍ .പി. സ്കൂള്‍ . ഞങ്ങളുടെ മാതാപിതാക്കളും ആയിരക്കണക്കിനു മറ്റ് ആളുകളും പഠിച്ചിട്ടുള്ള ഈ വിദ്യാലയമാണ് ഈ നാടിന്റെ വളര്‍ച്ചയുടെ പ്രധാന കാരണം.  ഇപ്പോള്‍ ഈ സ്കൂളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടവരാണ്. ഈ സ്കൂള്‍ മുറ്റത്ത്‌ മനോഹരമായ ഒരു പൂന്തോട്ടമുണ്ട്.  ഞങ്ങള്‍ അതു നോക്കി പരിപാലിക്കുന്നു.  ഈ വര്‍ഷം കഴിയുമ്പോള്‍ ഞങ്ങള്‍ നാലാം ക്ലാസുകാര്‍ ഈ പ്രിയപ്പെട്ട വിദ്യാലയം വിട്ടു പോകേണ്ടിവരുമല്ലോ എന്നതാണ് ഇപ്പോഴത്തെ ഞങ്ങളുടെ വിഷമം. എങ്കിലും, ഈ വിദ്യാലയം എന്നും എന്റെ മനസ്സിലുണ്ടാകും.
                                                                                       - ജോസ്മിമോള്‍  ജോസ് 
                                                                                                                      ക്ലാസ്‌ : 4


മഴ

മഴ 



കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടി

വെളിച്ചത്തെ ഇരുട്ടാക്കി 

പെയ്തിറങ്ങാന്‍ വെമ്പിനിന്ന തുള്ളികള്‍ 

എന്‍ നിറുകയില്‍ പതിച്ചു.

ഞാനറിഞ്ഞാണെങ്കിലും 

ഒന്നു ഞെട്ടിത്തിരിഞ്ഞു .

മഴത്തുള്ളികള്‍ വന്നു കെട്ടി-

പ്പുണര്‍ന്നെന്നെ തണുപ്പിച്ചു ,

മഴയെനിക്കെന്നുമേറെയിഷ്ടം.

മഴത്തുള്ളികളെന്‍ മുറ്റത്തു

തീര്‍ത്ത കൊച്ചു തടാകങ്ങള്‍ ,

ഞാനതില്‍ കാലുകള്‍ വച്ചു

തട്ടിക്കളിച്ചു സന്തോഷിച്ചു.

                                                                                     - മെറിറ്റ്  ജെയിംസ്‌ 
                                                                                ക്ലാസ് :  4


Thursday, October 25, 2012

സുന്ദര ഭൂമി




സുന്ദര ഭൂമി 



കളകളം പാടും 
അരുവികളും തോടും 
എന്നെന്നും നിലനില്‍ക്കണം  - ഭൂമിയില്‍ 
എന്നെന്നും നിലനില്‍ക്കണം 

പച്ചക്കുടപോല്‍ നിവര്‍ന്നു നില്‍ക്കും 
മരങ്ങളെത്ര സുന്ദരം !
പാട്ടു പാടി  പാറി വരും 
കിളികളെത്ര സുന്ദരം !

ഭൂമി തന്‍ സൗന്ദര്യം
ജീവജാലങ്ങളും 
എന്നെന്നും നിലനില്‍ക്കണം 
എന്നെന്നും നിലനില്‍ക്കണം.


                                                                                     - എല്‍ജോ  തോമസ്‌ 
                                                                         ക്ലാസ്സ്‌ : 3


Tuesday, October 23, 2012

കാത്തിരിപ്പ്‌


കാത്തിരിപ്പ്‌ 



അവനെ ഞാന്‍ പ്രണയിച്ചിട്ടില്ല 
ഒരിക്കലും - 
രഹസ്യബന്ധങ്ങളുമില്ല
അവനായ്‌ ഞാന്‍ ദാഹിചിട്ടില്ല 
മറക്കുവാന്‍ 
കഴിയാത്തൊരടുപ്പവുമില്ല.
എങ്കിലും -
അവനെത്തുമെന്നെനിക്കറിയാം
ഞാനവനെ 
കാത്തിരിക്കുന്നതവനറിയാം.

രാവിന്റെയേകാന്തയാമങ്ങളില്‍ 
നിദ്ര കൈവിട്ടൊരീ നയനങ്ങളാല്‍
നറുനിലാവിന്‍ വെളിച്ചത്തിലോരോ
മരത്തിന്‍ നിഴലിലും തിരയുന്നു ഞാന്‍.........
പാതിമയക്കത്തിലേറെ നേരം 
യവനകഥയ്ക്കുള്ളിലമരുമ്പൊഴും 
ജന്നലിന്‍ ചാരെയായ്‌ മണല്‍ മെത്തയില്‍ 
കാലനക്കസ്വരം തിരയുന്നു ഞാന്‍...!
പട്ടണത്തില്‍ , തിരക്കൊഴിയാത്ത വീഥിയില്‍ 
ഇരുചക്രവാഹനത്തില്‍ കുതിക്കുമ്പൊഴും 
പരിചിതമല്ലാമുഖങ്ങള്‍ക്കിടയിലും 
തെരുവിലും തിരയുന്നു ഞാനാ മുഖം.

ഇന്നലെ വരുമെന്നു കാത്തിരുന്നു 
ഇന്നെത്തുമെന്നു മന്ത്രിപ്പൂ മനം.
ഇന്നു വന്നില്ലെങ്കില്‍ നാളെയും ഞാന്‍ 
നിഴലനക്കത്തിനായ്‌ കാത്തിരിക്കും.

ഒളികണ്ണാലവനെന്നെ നോക്കാതിരിക്കില്ല
കിളിവാതിലവനായ്‌  തുറക്കാതിരിക്കില്ല 
അവനോടൊപ്പം ഞാന്‍ ശയിക്കാതിരിക്കില്ല 
അവനില്‍ ഞാനെന്നും ലയിക്കാതിരിക്കില്ല.
അറിയുന്നു ഞാനിപ്പോള്‍ -
പ്രണയമെന്നുള്ളില്‍ 
തളിരിടാന്‍ മെല്ലെത്തുടങ്ങിയെന്ന്‍!!! !


                                                                                           - തോമസ്‌  ആനിമൂട്ടില്‍ 



സാക്ഷരതാ ദിനാചരണം

ഇരവിമംഗലം സ്കൂളില്‍ അക്ഷരദീപം തെളിച്ച് 

സാക്ഷരതാ ദിനാചരണം 

                   ലോക സാക്ഷരതാ ദിനത്തിന്റെ സന്ദേശം കുട്ടികളിലും രക്ഷകര്‍ത്താക്കളിലും  എത്തിക്കുന്നതിനായി ഇരവിമംഗലം സെന്‍റ് ജോസഫ്സ് എല്‍ . പി. സ്കൂളില്‍ നടത്തിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി.  വേദിയില്‍ തെളിയിച്ച ദീപത്തില്‍ നിന്നും പകര്‍ന്ന അക്ഷരദീപങ്ങള്‍ കുഞ്ഞിക്കൈകളില്‍ ഏറ്റുവാങ്ങിയ കുട്ടികള്‍ അക്ഷരം പ്രകാശമാണെന്നും അതു തങ്ങളുടെ മനസ്സില്‍ കെടാതെ സൂക്ഷിക്കുമെന്നും പ്രതിജ്ഞ ചെയ്തു.
                   ലോക സാക്ഷരതാ ദിനത്തിന്റെ ഭാഗമായി ഇരവിമംഗലം സെന്‍റ് ജോസഫ്സ്‌ എല്‍ . പി. സ്കൂളില്‍ നടത്തിയ സാക്ഷരതാ സമ്മേളനവും പുസ്തക പ്രദര്‍ശനവും ഉഴവൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌  എം.എം. തോമസ്‌ ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ അഡ്വ. മാനുവല്‍ വര്‍ഗീസ്‌  അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ. സതീഷ്‌ രാമച്ചനാട്ട്  തെളിയിച്ചു നല്‍കിയ അക്ഷരദീപം ഹെഡ് മാസ്റ്റര്‍ തോമസ്‌ ആനിമൂട്ടില്‍ ഏറ്റുവാങ്ങി അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൈമാറി.  കോട്ടയം ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കൊച്ചുറാണി മാത്യു സാക്ഷരതാ ദിന സന്ദേശം നല്‍കി. ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗമല്‍സരത്തിലെ വിജയികള്‍ക്കുള്ള ക്യാഷ്‌ അവാര്‍ഡുകള്‍ കുറവിലങ്ങാട്‌ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഏലിയാമ്മ മാത്യു വിതരണം ചെയ്തു.  പി.റ്റി. എ. പ്രസിഡണ്ട്‌ കെ.ജി. നന്ദകുമാര്‍, ഷാന്‍സി ജോസഫ്‌ പ്രസംഗിച്ചു. 






    












Monday, October 22, 2012

സഹയാത്രികര്‍


സഹയാത്രികര്‍ 




പറയാതെ പറഞ്ഞെന്നു നീ വരുത്തുന്നതും 

ചിരിക്കാതെ ചിരിച്ചപോലാക്കുന്നതും

കരിഭൂതകാലം സ്മരിപ്പിച്ചു  നിന്‍ നയന-

മൊരു നാഗഫണമായുയര്‍ന്നുനില്‍ക്കുന്നതും 

കരളിന്റെ മോഹവുമതിരില്ലാ  സ്വപ്നവും 

അറിയാത്തതായ് നീ നടിക്കുന്നതും 

ദു:സ്വപ്നമാകട്ടെ;  ഇനിയുമീ യാത്രയില്‍ 

വര്‍ണസ്വപ്നങ്ങള്‍ മെനഞ്ഞെടുക്കാം.

തപ്തമാമുള്ളിന്നു ശാന്തതയേകുവാന്‍

പ്രണയാര്‍ദ്ര ഭാവങ്ങളില്ലെങ്കിലും 

മിഴിയിലെ 'മധുകണം', ഹൃദയസംഗീതവും 

സഹയാത്രികയ്ക്കായ്‌ ഞാന്‍ മാറ്റിവയ്ക്കാം.

                                                                                      
                                                                                         - തോമസ്‌ ആനിമൂട്ടില്‍



ജങ്ങ്ക്ഷന്‍



 ജങ്ങ്ക്ഷന്‍ 



യാത്രയ്ക്കിടയില്‍ ഞാന്‍ ദിക്കറിയാതെയാ

ജങ്ങ്ക്ഷനില്‍  നിന്നു പകച്ചു.


നേര്‍വഴിയേ ഞാന്‍ നടന്നു.....

പകല്‍മാന്യനെന്ന പേര്‍ നേടി.

ഇടത്തോട്ടു മെല്ലെ ചരിച്ചു- ഞാനൊരു 

വിപ്ലവകാരിയെന്നായി.

വലതുപക്ഷം ചേര്‍ന്നു നിന്നു - ആത്മീയ 

കാപട്യമെന്നു മുറുമുറുപ്പ്.

പുറകോട്ടു മെല്ലെ നടന്നു - 'മോഡേണ്‍ 

ട്രെന്‍ഡ'റിയാത്തവനെന്നു ചൊല്ലി.


നില്‍ക്കുന്ന ജങ്ങ്ക്ഷനില്‍ വട്ടം തിരി-

ഞ്ഞന്ത്യശ്വാസം വരേയ്ക്കു കറങ്ങിയാലോ?

അപ്പൊഴും മൂക്കത്തു കൈവിരല്‍ വച്ചവര്‍ 

വട്ടന്റെ ദുര്‍ഗതിയെ പഴിക്കും.

                                                                                            
                                                                                        - തോമസ്‌ ആനിമൂട്ടില്‍ 





LinkWithin

Related Posts Plugin for WordPress, Blogger...